ന്യൂഡൽഹി:ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഒരിളവും ലഭിക്കില്ല. അറസ്റ്റിനെതിരെ ജയിലിനു പുറത്ത് എ.എ.പി പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് നടക്കുന്നത്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നതിനെതീരെ ബി.ജെ.പി. ശക്തമായെതിര്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ജയിലില്‍ ഫയലുകള്‍ പരിശോധിക്കുന്ന സാഹചര്യമൊഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നാണ് വിവരം. ഇ.ഡി. കസ്റ്റഡിയിലിരിക്കെ കെജ്‌രിവാള്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത് വൻവിവാദമായ സാഹചര്യത്തിലാണ് ജാഗ്രത. മുഴുവൻ സമയവും സെല്ലിൽ
സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.
വീട്ടുകാരുമായുള്ള കൂടിക്കാഴ്ചകളില്‍ ഔദ്യോഗികഫയലുകള്‍ കെജ്‌രിവാളിന് ലഭിക്കില്ലെന്നുറപ്പാക്കും. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും ഫോണ്‍ കോളുകള്‍ക്കും ചട്ടപ്രകാരം അനുമതിയുണ്ട്. മദ്യനയക്കേസിൽ മാർച്ച് 21 ന് അറസ്റ്റിലായ കെജ്രിവാൾ ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഏപ്രില്‍ ഒന്നിന് അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി. ഇതിന്റെ ഭാഗമായി അദ്ദേഹം തിഹാര്‍ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്. തിഹാർ ജയിൽ നമ്പർ 2ലാണ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസിൽ ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ് വിധി പറയുക.