കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സമീപത്തെ വൻഷിക അപ്പാർട്ടുമെന്റിലെ 5 സി അപ്പാർട്ടുമെന്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു.
ഇവിടെ താമസിക്കുന്ന അവിവാഹിതയായ മകളെയും അമ്മയെയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും അവൾ പ്രസവിച്ച കുട്ടിയെയാണ് കൊന്നതെന്നുമാണു പ്രാഥമിക വിവരം. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ ഒരു കൊറിയർ വന്ന കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഇതിലെ ബാർകോഡ് സ്കാൻ ചെയ്തെടുത്താണു പൊലീസ് ഫ്ലാറ്റിലേക്ക് എത്തിയത്.
ഇന്നു രാവിലെ 8.15നാണ് കൊറിയർ കവറിൽ പൊതിഞ്ഞ ചോരയിൽ കുതിർന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്നു മനസ്സിലായത്. അപ്പാർട്ടുമെന്റിൽ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. പൊലീസ് മറ്റു ഫ്ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഡിസിപി കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.