കൊച്ചിയിലെ നവജാതശിശുവിന്റെ മരണം പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. ഇന്നലെ രാവിലെ 8 മണിയോടെ പനമ്പിള്ളി നഗറിൽ നടുറോഡിൽ ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി പൊലീസിന് മൊഴി നൽകി. കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം. മുറിയുടെ വാതിലിൽ മാതാവ് മുട്ടിയപ്പോൾ മൃതദേഹം പുറത്തേക്കെറിയുകയായിരുന്നു.
കുഞ്ഞിനെ ഒഴിവാക്കാൻ യുവതി നേരത്തെയും ശ്രമിച്ചിരുന്നു. കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയായ 23കാരിയെ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.