തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ തന്റെ ഔദ്യോഗിക വസതിയിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനോട് റിപ്പോര്‍ട്ട് തേടി ചീഫ്സെക്രട്ടറി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.യുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഡി.എം.ഒ. വിളിച്ച് ഡോക്ടറെ വീട്ടിലേക്ക് അയയ്ക്കണമെന്ന് കളക്ടർ ആവശ്യപ്പെടുകയായിരുന്നു. ഒ.പി യിൽ തിരക്കുണ്ട് 300 ഓളം രോഗികൾ കാത്തുനിൽക്കുന്നുണ്ടെന്നു ഡി.എം.ഒ. പറഞ്ഞിട്ടും കളക്ടർ നിർബന്ധം പിടിച്ചു. ആദ്യം ആവശ്യം നിരസിച്ച ഡി.എം.ഒ. പിന്നീട് കളക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
കളക്ടര്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ വീട്ടിലെത്തിയ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കാലിലെ കുഴിനഖത്തിന്റെ ചികിത്സാ നടപടികൾ പൂർത്തിയായതിന് ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടര്‍ക്ക് തിരികെ ആശുപത്രിയിൽ എത്താനായത്.
വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് കെ.ജി.എം.ഒ.എ ഭാരവാഹികൾ ഉറപ്പ് നൽകി.