ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി തന്നോട് അപമര്യാദയായി പെരുമാറിയെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി മാലിവാളിനെ തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിന്റെ വസതിയില്‍വച്ച് ബൈഭവ് കുമാര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.
മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ചത്. സ്വാതി മാലിവാൾ ഡല്‍ഹിയിലെ വീട്ടില്‍ അരവിന്ദ് കെജ്രിവാളിനെ കാണാനായി നിന്നപ്പോഴാണ് സംഭവം നടന്നത്. അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിംഗ് റൂമില്‍ വെച്ചാണ് മോശം പെരുമാറ്റം നടന്നത് സഞ്ജയ് സിംഗ് പറഞ്ഞു.
കെജ്‌രിവാള്‍, വിഷയം ഗൗരവമായാണ് കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.