നരേന്ദ്ര മോദി സർക്കാർ രണ്ട് വിഭാഗത്തിലുള്ള സൈനികരെ സൃഷ്ടിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ജി കിഷൻ റെഡ്ഡി, രാജീവ് ചന്ദ്രശേഖർ എന്നിവരടങ്ങിയ പാർട്ടി പ്രതിനിധി സംഘം കമ്മീഷനെ സമീപിച്ച് പരാതി നൽകി. ബിജെപി രാജ്യസഭാ എംപിയും ദേശീയ മാധ്യമ ചുമതലയുള്ള അനിൽ ബലൂണിയും സംഘത്തിലുണ്ടായിരുന്നു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നരേന്ദ്ര മോദി രണ്ട് തരം സൈനികരെ സൃഷ്ടിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു, ഒന്ന് ദരിദ്രരും ദളിത്, ആദിവാസി, പിന്നോക്ക, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, മറ്റൊന്ന് സമ്പന്നരുടെ മക്കൾ”, ജയശങ്കർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് നുണയാണ്. ഇത് നമ്മുടെ സായുധ സേനയ്ക്കെതിരായ ആക്രമണമാണ്. അവർ ഇത് ഒരു വിവാദ വിഷയമാക്കാനും സായുധ സേനയുടെ മനോവീര്യം കുറയ്ക്കാനും ആഗ്രഹിക്കുന്നു. ഇത് തിരഞ്ഞെടുപ്പിന്റെ വിഷയമല്ല. ഇത് ദേശീയ സുരക്ഷയുടെ പ്രശ്നമാണ് “, അദ്ദേഹം പറഞ്ഞു.
റായ്ബറേലിയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സൈനികരുമായി ബന്ധപ്പെട്ട പരാമർശം രാഹുൽ നടത്തിയത്. മോദി സർക്കാരിന്റ അഗ്നിപഥ് റിക്രൂട്ട്മെന്റിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.
രാഹുൽ ഗാന്ധിയുടെ പരാമർശം വളരെ ഗൌരവമുള്ളതാണെന്ന് വിശേഷിപ്പിച്ച ജയശങ്കർ, ബിജെപി പ്രതിനിധി സംഘം ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും കോൺഗ്രസ് നേതാവിനെതിരെ വളരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
You must be logged in to post a comment Login