ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ സഹായി ആക്രമിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ ആം ആദ്മി പാർട്ടി ഒരു ആഭ്യന്തര സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മാലിവാളിനോട് പ്രസ്താവന നൽകാനും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള കെജ്രിവാളിന്റെ വസതിയിൽ കഴിഞ്ഞ ദിവസമാണ് യോഗത്തില്‍ പങ്കെടുക്കാനായി സ്വാതി എത്തിയത്. എന്നാൽ അവരെ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫായ ഭൈഭവ് കുമാർ തടയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സ്വാതി പരാതി നൽകി. കെജ്രിവാളിന്റെ വസതിയിലെത്തിയ പൊലീസ് സ്വാതിയോട് സ്റ്റേഷനിലെത്തി പരാതി നല്‍കാൻ ആവശ്യപ്പെട്ടു.
കെജ്രിവാളിന്റെ പി.എ സ്വാതിയോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് എ.എ.പി എം.പി രംഗത്തെത്തുകയും ചെയ്തു. സഞ്ജയ് സിങ്ങാണ് സ്വാതിയുടെ ആരോപണം സ്ഥിരീകരിച്ചത്. സ്വാതി പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും ജനങ്ങൾക്ക് വേണ്ടി അവർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
You must be logged in to post a comment Login