മദ്യനയത്തിലെ ഇളവുകൾക്കായി ബാർ മുതലാളിമാർ കോടികൾ പിരിച്ചുനൽകാൻ നിർദ്ദേശിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്ന സംഭവത്തിൽ ആരോപണം തള്ളി ബാറുടമകളുടെ സംഘടന. ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ. എന്നാൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ തങ്ങൾ ഒരു പിരിവും നടത്തിയിട്ടില്ലെന്നും അംഗങ്ങളോട് പണം ആവശ്യപ്പെട്ടത് കെട്ടിട നിർമാണത്തിന്റെ ഫണ്ടിന് വേണ്ടിയാണെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർപ്രതികരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇലക്ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി നിലവിൽ വരും. ഒന്നാംതീയതി ഡ്രൈ ഡേ എടുത്തുകളയും. സമയത്തിന്റെ. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം. ഇത് നമ്മള്‍ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആർക്കും വേറെ ബന്ധങ്ങളും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് രണ്ടരലക്ഷം രൂപവെച്ച് കൊടുക്കാൻ പറ്റുന്നവർ രണ്ടുദിവസത്തിനകം നൽകുകയെന്നാണ് ശബ്‌ദ സന്ദേശം.