മത്സരയോട്ടം വേണ്ടെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. ജോലിയിൽ കൃത്യനിഷ്‌ഠ പാലിക്കണം. രണ്ടുബസുകൾ സമാന്തരമായി നിർത്തരുത്. ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ കർശന നടപടിയെന്നും മന്ത്രി അറിയിച്ചു.
അതേസമയം തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
സംസ്ഥാനത്ത് ഒരാഴ്ചയിൽ അഞ്ച് മുതൽ ഏഴ് വരെയുളള മരണങ്ങളാണ് കെഎസ്ആർടിസി ബസിടിച്ച് സംഭവിക്കുന്നത്. എന്നാൽ ഈ ആഴ്ചത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ ഉണ്ടാകുന്ന വലിയ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാലും ചെറിയ തരത്തിലുളള അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ സ്വിഫ്റ്റ് ബസിടിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. വളരെ ശ്രദ്ധയോടെ വാഹനമോടിക്കുക. റോഡിന്റെ ഇടത് വശത്തുതന്നെ ബസ് നിർത്തണം. എതിരെ വരുന്ന ബസുമായി സമാന്തരമായി നിർത്തരുത്. കൈകാണിച്ചാൽ ബസ് നിർത്തണമെന്നും ഡീസൽ ലാഭിക്കുന്ന തരത്തിൽ ബസ് ഓടിക്കണം അദ്ദേഹം പറഞ്ഞു.