തിരുവനന്തപുരം : വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കഴക്കൂട്ടം പോലീസും കേസെടുത്തു.
പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വില്ലാസില്‍ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന് കാണിച്ച് ട്രഷറി ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ മകള്‍ക്ക് ഒപ്പം ഓസ്‌ട്രേലിയയില്‍ പോയിരുന്നതിനാല്‍ 2023 മുതല്‍ പണം എടുക്കാന്‍ മോഹനകുമാരി ട്രഷറിയില്‍ പോയിരുന്നില്ല.
ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങി നാട്ടിലെത്തിയപ്പോള്‍ ജില്ലാ ട്രഷറിയില്‍ എത്തിയ മോഹനകുമാരി ബാങ്ക് രേഖകള്‍ പരിശോധിക്കുമ്പോഴാണ് ഈ മാസം 3ന് രണ്ടുലക്ഷം രൂപയും നാലാം തീയതി 50,000 രൂപയും പിന്‍വലിച്ചിരിക്കുന്നതായി കണ്ടത്.
പുതിയ ചെക്ക് ബുക്ക് നൽകിയതായി ട്രഷറി അധികൃതര്‍ പറഞ്ഞു . എന്നാല്‍ ചെക്ക്ബുക്കിന് താന്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും ചെക്കിലെ ഒപ്പ് വ്യാജമാണെന്നും മോഹനകുമാരി പറഞ്ഞു. ജൂണ്‍ 3, 4 തീയതികളിലാണ് വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിച്ചിരിക്കുന്നത്.