ലോക്സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻ. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിസമര്‍പ്പിച്ചു. ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍.
കെ. രാധാകൃഷ്ണൻ്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി കൊണ്ടാണ്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. ഇതു സംബന്ധിച്ച് പട്ടിക ജാതി ക്ഷേമ വകുപ്പ് ഇന്ന് (ജൂണ്‍ 18) രാവിലെയായിരുന്നു ഉത്തരവിറക്കിയത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിന് കാരണമാകുന്നുവെന്നും നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പദങ്ങളാകും പകരം ഉപയോഗിക്കുകയെന്നും ഉത്തരവിൽ പറയുന്നു.