ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുകയായി പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ക്കുണ്ടായ സംശയം ഇതെങ്ങെനെ വീതം വെക്കുമെന്നായിരുന്നു. ജൂലൈ നാലിന് ഈ തുക ബി.സി.സി.ഐ ടീമിന് കൈമാറി.
ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയില്‍ ലോകകപ്പ് ടീമിലെ സഞ്ജു ഉള്‍പ്പെടെ 15 അംഗങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. ലോകകപ്പ് ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ഇതിലുള്‍പ്പെടുന്നു. ഇതിന് പുറമെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദീലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ക്കും 2.5 കോടി രൂപ സമ്മാനത്തുകയില്‍ നിന്ന് ലഭിക്കും. അജിത് അഗാർക്കർ അടക്കം അഞ്ച് അംഗങ്ങൾ അടങ്ങുന്ന സെലക്ഷൻ കമ്മറ്റിക്ക് ഒരു കോടി വീതമാണ് ലഭിക്കുക.
ലോകകപ്പിനായി പോയ ഇന്ത്യൻ സംഘത്തിൽ 42 പേരാണ് ആകെ ഉണ്ടായിരുന്നത്. ടി20 ലോകകപ്പ് ജേതാക്കൾക്ക് 20 കോടി രൂപയാണ് സമ്മാനത്തുകയായി ഐ.സി.സി നൽകുക. അതിന്റെ എത്രയോ ഇരട്ടിയാണ് ബി.സി.സി.ഐയുടെ പാരിതോഷികം. ഇത് കൂടാതെ മഹാരാഷ്ട്ര സർക്കാർ ഇന്ത്യൻ ടീമിന് 11 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.