ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിൻ്റെ ചിത്രമെന്ന പേരിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യൻ. സ്‌മൃതി സിങ്ങിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രേഷ്മ പറഞ്ഞു.
രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിഷമിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്നതുൾപ്പടെയുള്ള നിരവധി കമന്റുകളാണ് രേഷ്മയുടെ ചിത്രങ്ങൾക്കു താഴെ സ്മൃതി സിങ്ങി നെതിരെ എത്തിയത്. സ്മൃതി സിങ്ങിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ രേഷ്മ സെബാസ്റ്റ്യൻ പരാതി നൽകിയത്.
കുറച്ചുദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ സെെബർ ആക്രമണം നടക്കുകയാണ്. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ ഡൽഹി പോലീസ് കേസുമെടുത്തിരുന്നു. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്.