കോഴിക്കോട്: സ്വന്തം മണ്ണിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞ് തഹസിൽദാരും പൊലീസും. അഗളി പ്രധാന റോഡരികിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമിയിലാണ് നഞ്ചിയമ്മ കൃഷി ഇറക്കാൻ എത്തിയത്.
തന്റെ കുടുംബഭൂമി കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലന്ന് നഞ്ചിയമ്മ പറഞ്ഞു. നാഗമൂപ്പനും കന്തസ്വാമിയും തമ്മിലാണ് ഭൂമിയുടെ പേരിൽ ടി.എൽ.എ കേസുള്ളത്. അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചിയമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു.
മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചിയമ്മ ആരോപിക്കുന്നു. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. റവന്യു ഉദ്യോഗസ്ഥരാണ് ആദിവാസികളെ വഞ്ചിക്കുകന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഭൂമി വിഷയത്തിൽ വെള്ളിയാഴ്ച ചർച്ച നടത്താമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതായി നഞ്ചിയമ്മ പറഞ്ഞു.