അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം ഉണ്ടാക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബൈഡൻ അറിയിച്ചിരുന്നു. പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി കമല ഹാരിസിനെ പിന്തുണയ്‌ക്കുന്നുവെന്ന് ബൈഡൻ എക്‌സിലൂടെ അറിയിച്ചു. നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയാകും. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ സ്ഥാനാർത്ഥി കമല ഹാരിസിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. ബൈഡൻ തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലാ ഹാരിസ് പ്രതികരിച്ചു.