വിദേശകാര്യ സെക്രട്ടറിയായി കെ വാസുകി ഐ എ എസിനെ നിയമനത്തിൽ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യങ്ങൾ സംസ്ഥാനത്തിൻ്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി വാസുകിയെ ജൂലൈ 15നാണ് നിയമിച്ചത്. വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനേയോ ആണ് സാധാരണ ഇത്തരം ചുമതലകളിൽ നിയമിക്കാറുള്ളതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
എന്നാൽ ഇതു വിവാദമായപ്പോൾ, സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ചുമതലയെന്നും, അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയതോടെയാണ് വാസുകിക്ക് അധിക ചുമതലയായി വകുപ്പ് നൽകിയതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.