അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ട്രക്കിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കാൻ ശ്രമം

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി…

അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക് കടക്കുമ്പോഴും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം 11-ാം ദിവസവും തുടരും.

നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. വെള്ളിയാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് പരിശോധനയില്ല. ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലൻ ഷിരൂരില്‍നിന്ന് തിരിച്ചു. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് മടങ്ങിയത്.

കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നേവിയുടെ സോണാര്‍ പരിശോധനയും തുടരും. കഴിഞ്ഞദിവസം പരിശോധന നടത്തിയ ഭാഗത്തുതന്നെയാണോ ഇന്നും ട്രക്കിന്റേതെന്ന് സംശയിക്കുന്ന ലോഹഭാഗമുള്ളത് എന്നാവും പരിശോധിക്കുക .

Leave a Reply