നിപ, എം പോക്‌സ് ബാധ കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി ആരോഗ്യവകുപ്പ്. സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് മലപ്പുറത്ത് എത്തി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചികിത്സ, പ്രതിരോധം, നിയന്ത്രണങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ദുബൈയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം എം പോക്‌സ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളം മുതലുള്ള രോഗബാധിതന്റെ റൂട്ട് മാപ്പും ഉടൻ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമ്പർക്കമുള്ളവരിൽ രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധനയ്ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച 38കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലുള്‍പ്പെടെ പലയിടത്തും എം പോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്.
You must be logged in to post a comment Login