അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടനപത്രിക പുറത്തിറക്കി എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. 15 ഉറപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയാണ് എഎപി പുറത്തിറക്കിയിരിക്കുന്നത്. യുവാക്കൾക്ക് തൊഴിൽ ഉറപ്പ് നൽകുന്ന ‘മഹിളാ സമ്മാൻ യോജന’, പ്രായമായവർക്ക് സൗജന്യ ചികിത്സ എന്നിവ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, മെട്രോ നിരക്കിൽ 50 ശതമാനം ഇളവ് എന്നിവയും വാഗ്ദാനങ്ങളിൽ പെടുന്നു. ‘ഇത് കെജ്‌രിവാളിൻ്റെ ഗ്യാരണ്ടിയാണ്, മോദിയുടെ വ്യാജ ഗ്യാരണ്ടിയല്ല’ ഡൽഹിയിൽ നടന്ന റാലിയിൽ ബിജെപിയെ പരിഹസിച്ച് എഎപി മേധാവി പറഞ്ഞു.
സൗജന്യ വെള്ളവും വൈദ്യുതിയും കെജ്‍രിവാളിന്റെ വാഗ്ദാനങ്ങളുടെ ഭാഗമാണ്. സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ നൽകുമെന്ന തൻ്റെ വാഗ്ദാനം മുൻ ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാൾ ആവർത്തിച്ചിട്ടുണ്ട്. സൗജന്യ വെള്ളവും വൈദ്യുതിയും കെജ്‍രിവാളിന്റെ വാഗ്ദാനങ്ങളുടെ ഭാഗമാണ്. അംബേദ്കർ സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത കെജ്‍രിവാൾ, ഏതെങ്കിലും അന്താരാഷ്ട്ര സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർഥികളുടെ വിദ്യാഭ്യാസം, താമസം, യാത്ര, എന്നിവയുടെ ചെലവ് വഹിക്കും എന്ന് പറഞ്ഞു. എല്ലാ വീട്ടിലും 24 മണിക്കൂറും ശുദ്ധമായ കുടിവെള്ള വിതരണം, മലിനമായ യമുന നദി വൃത്തിയാക്കൽ, ഡൽഹിയിലെ റോഡുകൾ ലോകോത്തര നിലവാരത്തിലാക്കുക, കുടിശ്ശികയുള്ള വർധിപ്പിച്ച വാട്ടർ ബില്ലുകൾ എഴുതിത്തള്ളുക എന്നിവയും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ പെടുന്നു.
അതേസമയം പോളിങ് ബൂത്തുകളിൽ വോളണ്ടിയർമാരെ വിന്യസിക്കുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.ഇവിഎമ്മിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്നും സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കളുടെ ടീം ഇതിനായി സജ്ജമാക്കിയെന്നും ആം ആദ്മി പാർട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്.