മെട്രോ സ്റ്റേഷനുകളിൽ ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങാൻ തീരുമാനം. ആദ്യഘട്ടം വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാവാൻ സാധ്യത. പിന്നീട് ഇത് മറ്റ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വരുമാന വർദ്ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാൻ മെട്രോ തീരുമാനിച്ചത്. ഔട്ട്ലെറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതിനായുള്ള തുടർ ചർച്ചകളും നടപടികളും പുരോഗമിക്കുകയാണ്.

ഔട്ട്ലെറ്റിന്റെ പ്രവർത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും. മുമ്പ് ബാങ്കുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. കമ്പനിപ്പടി, ആലുവ, സ്റ്റേഷനുകളിൽ എസ്ബിഐ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എംജി റോഡ് സ്‌റ്റേഷനിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവയ്ക്കാണ് സ്ഥലം അനുവദിച്ചത്. കളമശേരി മെട്രോ സ്‌റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിരുന്നു.



