ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി സി ജോർജിനെ ആറു മണിവരെ കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ഈരാറ്റുപേട്ട കോടതിയാണ് പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം പിസി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. പിസിയുടെ രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയതെന്നും സുരേന്ദ്രൻ വിമർശിച്ചു.