മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി.പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് പിസി ജോർജ് അറസ്റ്റിലായത്. റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്റെ ആരോഗ്യം തൃപ്തികരമാണ്.
കഴിഞ്ഞ ജനുവരി 25നാണ് ചാനൽ ചർച്ചയിൽ പങ്കെടുത്ത പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത് . മുൻകൂർ ജാമ്യാപേക്ഷ കീഴ് കോടതിയിലും ഹൈക്കോടതിയിലും നൽകിയെങ്കിലും കുറ്റം ആവർത്തിക്കുന്നത് പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്നായിരുന്നു പി സി ജോർജിന്റെ കോടതിയിലെത്തിയുള്ള നാടകീയമായ കീഴടങ്ങൽ.