തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി രൂപ. പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. വീട് നിർമ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. 1.5 കോടി വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റിയിരിക്കുകയാണ്.
കേരളപ്പിറവി ദിനമായ ഇന്നാണ് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. സർക്കാറിൻറെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്കരിച്ചു. തട്ടിപ്പ് പ്രഖ്യാപനങ്ങൾ പ്രതിപക്ഷത്തിൻറെ ശീലമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിയിൽ മമ്മൂട്ടി പങ്കെടുക്കും. പക്ഷെ മോഹൻലാലും കമലഹാസനും ഉണ്ടാകില്ല.
രണ്ടാംപിണറായി സർക്കാരിൻറെ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ച പദ്ധതി. ഭക്ഷണം, വീട്, സൗജന്യ ചികിത്സ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത 64006 കുടുംബങ്ങൾക്ക് കൂടി സൗകര്യങ്ങൾ ഉറപ്പാക്കിയെന്ന് പറഞ്ഞാണ് സർക്കാറിൻറെ പ്രഖ്യാപനം. ഇടത് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 4.5 ലക്ഷം പരമദരിദ്രർ എന്ന കണക്കിൽ എങ്ങിനെ മാറ്റം വന്നു എന്നാണ് പ്രതിപക്ഷ ചോദ്യം. സഭാ സമ്മേളനം വിളിച്ച മാനദണ്ഡത്തിൽ തുടങ്ങി പ്രഖ്യാപനത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉദ്ദേശ ശുദ്ധി വരെ ചോദ്യം ചെയ്തായിരുന്നു പ്രതിപക്ഷ ബഹിഷ്ക്കരണം



