ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് ബിജെപി നേതാവ് ടാഡ പെരിയസാമി ഞായറാഴ്ച അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (എഐഎഡിഎംകെ) ചേർന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. സംസ്ഥാനത്തെ ചിദംബരം മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ ടിക്കറ്റ് ബിജെപി നിഷേധിച്ചതാണ് പെരിയസാമിയെ അസ്വസ്ഥനാക്കിയതെന്നാണ് കരുതുന്നത്.
2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തിട്ടഗുഡിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും ഡിഎംകെയുടെ സിവി ഗണേശനോട് പരാജയപ്പെട്ടു.ബിജെപിയിൽ, തമിഴ്‌നാട് ബിജെപിയുടെ പട്ടികജാതി (എസ്‌സി) യൂണിറ്റിൻ്റെ തലവനായും പെരിയസാമി പ്രവർത്തിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ ഭൂരിഭാഗം നേതാക്കളും എഐഎഡിഎംകെയിൽ നിന്നുള്ളവരായിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് എഐഎഡിഎംകെ നേതാക്കളായ കെ വടിവേൽ, എംവി രത്‌നം, ആർ ചിന്നസ്വാമി, പിഎസ് കന്ദസാമി എന്നിവരടക്കമുള്ളവർ കാവി പാർട്ടിയിൽ ചേർന്നത്. 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 19 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.



