തള്ളി എംവി ഗോവിന്ദൻ ; എകെ ബാലന്റെ മാറാട് പരാമർശത്തിൽ സിപിഎമ്മിൽ ഭിന്നത

തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലേറിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയിൽ സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി പിണറായി വിജയൻ എകെ ബാലനെ പരസ്യമായി…

തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലേറിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയിൽ സിപിഎമ്മിൽ ഭിന്നത.

മുഖ്യമന്ത്രി പിണറായി വിജയൻ എകെ ബാലനെ പരസ്യമായി ന്യായീകരിക്കുകയും പിൻതുണ നൽകുകയും ചെയ്തപ്പോൾ അദ്ദേഹത്തെ പൂർണമായി തള്ളി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

എകെ ബാലന്റെ പ്രസ്താവന അസംബന്ധമാണെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ എംവി ഗോവിന്ദന്റെ പ്രതികരണം. ബാലന്റെ പ്രസ്താവനയെ ജില്ലാ കമ്മിറ്റിയംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

എകെ ബാലൻ സ്വപ്നലോകത്തുനിന്നാണ് കാര്യങ്ങൾ പറയുന്നത്. ഭാവനാലോകത്തുനിന്നല്ല രാഷ്ട്രീയം പറയേണ്ടത്. അദ്ദേഹത്തിന്റെ പരാമർശം നിരുത്തരവാദപരമാണ്. സാങ്കൽപ്പിക ചോദ്യത്തിന് സാങ്കൽപ്പികമായ ഉത്തരമാണ് ബാലൻ നൽകിയത്.
എകെ ബാലന്റെ പ്രസ്താവന പാർട്ടി തള്ളുന്നു, അതിനാലാണ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്ക് മറുപടി പറയവേ എംവി ഗോവിന്ദൻ വ്യക്തമാക്കി.

എകെ ബാലന്റെ അനവസരത്തിലുള്ള പ്രതികരണം പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ വിമർശിച്ചിരുന്നു.

എകെ ബാലന് മുഖ്യമന്ത്രിയുടെ പിൻതുണ

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലെന്നും അതിൽനിന്ന് വ്യത്യസ്തമായ ചിത്രം ഉണ്ടായിരുന്നത് എ.കെ. ബാലൻ ഓർമ്മിപ്പിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മളനത്തിൽ എകെ ബാലനെ
ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.

കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കുന്നതിന് വേണ്ടിയല്ല. അതേ വർഗീയ ശക്തികൾ ഇപ്പോഴും കേരളത്തിലുണ്ട്. പക്ഷേ തലപൊക്കാൻ ശ്രമിച്ചാൽ കർശനമായി നേരിടുന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ രീതി. യുഡിഎഫ് വന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ് എകെ ബാലൻ പറയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply