തിരൂർ: രാഷ്ട്രീയ നേതാക്കളിൽ നിന്നും പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും താത്കാലിക നേട്ടങ്ങൾക്കായി നേതാക്കൾ അതിരുകടന്ന് സംസാരിക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘കേരളയാത്ര’യ്ക്ക് തിരൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുൻനിർത്തി കാണേണ്ട ഒന്നല്ല രാഷ്ട്രീയം എന്നും, അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ഒരു തരത്തിലുള്ള ധ്രുവീകരണത്തിനും ഇടമുണ്ടാകരുത്. വാഗ്‌ധോരണികളിലൂടെ സമൂഹത്തിലേക്ക് നുഴഞ്ഞുകയറുന്ന വർഗീയത അത്ര പെട്ടെന്നൊന്നും തിരിച്ചുപോവില്ലെന്നും കേരളം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാവരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാവണം രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. വിഭജന രാഷ്ട്രീയത്തിന് പകരം മാനവികതയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളയാത്ര കേവലം ഒരു വഴിയാത്രയല്ല, മറിച്ച് സമൂഹത്തിനുള്ള വഴികാട്ടലാണെന്ന് അദ്ദേഹം പറഞ്ഞു. റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പൊൻമള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ എം.എൽ.എ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.



