കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന മിന്നൽ പരിശോധനയിൽ കോടികളുടെ അഴിമതിയും ഗുരുതര ക്രമക്കേടുകളും കണ്ടെത്തി. കരാറുകാരെ വഴിവിട്ട് സഹായിക്കാനും കൃത്യമായ പരിശോധന നടത്താതെ ബില്ലുകൾ പാസാക്കാനുമായി ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു സംസ്ഥാനവ്യാപകമായി റെയ്ഡ് നടന്നത്.
സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഒരേസമയം നടന്ന പരിശോധനയിൽ 41 ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം 16.50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് സ്ഥിരീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും ഉദ്യോഗസ്ഥർ കമ്മിഷൻ കൈപ്പറ്റുന്ന രീതിയാണ് വിജിലൻസ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവൃത്തികളാണ് വിജിലൻസ് പ്രധാനമായും പരിശോധിച്ചത്.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കാവുന്നതാണ്.



