അവിവാഹിതനായ ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കേരള ഹൈക്കോടതി ഈ പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയ സമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങൾ വേണമെങ്കിലും ഉണ്ടാകാമെന്നും അതിൽ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആദ്യ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, ബലാത്സംഗം ആരോപിച്ച് രണ്ട് സ്ത്രീകൾ അദ്ദേഹത്തിനെതിരെ പരാതികൾ സമർപ്പിച്ചിരുന്നു. ഇത് ഒരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതിനെത്തുടർന്ന് ആയിരുന്നു കോടതി ചില പരാമർശങ്ങൾ നടത്തിയത്. കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണോ എന്ന് ചോദിച്ച ഹൈക്കോടതി, ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ‘ഒരു അന്തിമ റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. എല്ലാം അന്വേഷണത്തിലാണ്. നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്താൽ മാത്രം പോരാ. കുറഞ്ഞത് ഒരു അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണം,’ കോടതി പറഞ്ഞു.



