അന്താരാഷ്ട്ര അംഗീകാരങ്ങളുമായി ‘തിരുവരംഗർ’ ചിറ്റൂരിലേക്ക്; പ്രദർശനം ഫെബ്രുവരി 4-ന്

പാലക്കാട്: ആഗോളതലത്തിൽ ശ്രദ്ധനേടിയ മ്യൂസിക്കൽ ഡോക്യുമെന്ററി ‘തിരുവരംഗർ – ദി ഡീയിറ്റി സിംഗേഴ്സ്’ ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 6 മണിക്ക് പാലക്കാട് കൈരളി തിയേറ്ററിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്.…

പാലക്കാട്: ആഗോളതലത്തിൽ ശ്രദ്ധനേടിയ മ്യൂസിക്കൽ ഡോക്യുമെന്ററി ‘തിരുവരംഗർ – ദി ഡീയിറ്റി സിംഗേഴ്സ്’ ചിറ്റൂർ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നു. ഫെബ്രുവരി 4-ന് വൈകുന്നേരം 6 മണിക്ക് പാലക്കാട് കൈരളി തിയേറ്ററിലാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ഷാജി എ. ജോൺ (SJ) സംവിധാനം ചെയ്തസംഗീതം സംവദിക്കുന്ന ഡോക്യുമെന്ററി ഒറ്റപ്പാലം പ്രവിശ്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്, ക്ഷേത്രോത്സവങ്ങളുടെയും കാവുകളുടെയും ആഗമനം പാടി പ്രഖ്യാപിക്കുന്ന വാസു ചാമിയുടെയും സഹോദരങ്ങളുടെയും ജീവിതവും കലയുമാണ് ചിത്രത്തിന്റെ പ്രമേയം. വെറുമൊരു സംഗീത പ്രകടനത്തിനപ്പുറം, ദൈവസാന്നിധ്യവും പ്രകൃതിയുടെ താളവും തലമുറകളുടെ സ്മരണകളും കോർത്തിണക്കിയ ഭക്തിപൂർവ്വമായ ഒരാചാരത്തെയാണ് ഡോക്യുമെന്റ്രി ഒപ്പിയെടുക്കുന്നത്.

സംഭാഷണങ്ങളേക്കാൾ സംഗീതത്തിനും ശബ്ദത്തിനും പ്രാധാന്യം നൽകുന്ന ഈ മ്യൂസിക്കൽ ഡോക്യുമെന്ററി, വിശ്വാസം, തൊഴിൽ, ജാതി, ദിനചര്യ എന്നിവയെ എങ്ങനെ ഒരു ഗ്രാമീണ സമൂഹം സംഗീതത്തിലൂടെ ബന്ധിപ്പിക്കുന്നു എന്ന് നിരീക്ഷിക്കുന്നു. സമകാലിക കേരളം ഇത്തരത്തിലുള്ള പാരമ്പര്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ഗൗരവകരമായ ചർച്ചയും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്.
ശ്രദ്ധേയമായ നേട്ടങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഇതിനോടകം തന്നെ ചിത്രം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്:

തിരുവരംഗർ – ദി ഡീയിറ്റി സിംഗേഴ്സ്’ 2025-ലെ കൊഹിനൂർ ഫിലിം ഫെസ്റ്റിവൽ, മുംബൈയിൽ മികച്ച ഡോക്യുമെന്ററിയായി വിജയിക്കുകയും, 28-ാം സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ (ചെന്നൈ), ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (കാലിക്കറ്റ്), നാനോകോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – യു.എസ്.എ, പ്ലാനറ്റ്.ഡോക് അന്താരാഷ്ട്ര സാമൂഹ്യ-പരിസ്ഥിതി ചലച്ചിത്രമേള – ബ്രസീൽ, ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ (ഇന്ത്യ) എന്നിവയടക്കം നിരവധി ദേശീയ-അന്താരാഷ്ട്ര മേളകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അണിയറപ്രവർത്തകർ

സനോജ് ഗോപാലകൃഷ്ണൻ, പ്രിയ കാർത്തികേയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയൻദാസ് (ഛായാഗ്രഹണം), എ.യു. ശ്രീജിത്ത് കൃഷ്ണ, പ്രശാന്ത് (എഡിറ്റിംഗ്), ഷാജി മാധവൻ (ശബ്ദമിശ്രണം), രാജേഷ് ബി. എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ.
സംഗീതവും സമൂഹവും തമ്മിലുള്ള ഗാഢമായ ബന്ധം പ്രമേയമായ ഈ ചിത്രം കാണാൻ എല്ലാ സിനിമാ പ്രേമികളെയും പാഞ്ചജന്യം ചലച്ചിത്രമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.

Leave a Reply