തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്ന് പ്രമേയത്തിൽ വിമർശിച്ചു.
സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാനാവുക. കേരളത്തിൻറെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കേന്ദ്രത്തിൻറെ പരിഗണന കിട്ടിയില്ല. ഇത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഷങ്ങളായി കേരളത്തിൻ്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റായിരുന്നു ഇത്തവണത്തേത്. രാജ്യത്തിൻ്റെ അന്തസ്സിന് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിൻ്റെ നടപടിയെന്നും പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി.
ജനാധിപത്യ മൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണ്. ലോകത്തിന് മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണം. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രം മൗനം തുടരുകയാണ്. ഭൂമി കണ്ടെത്തിയിട്ടും എയിംസ് നൽകിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.



