കൊച്ചി: നിർമാതാവ് പി.എസ്.ഷംനാസുമായുള്ള തർക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടൻ നിവിൻ പോളി. സമവായ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചർച്ച നിയമവിരുദ്ധമാണെന്ന് നിവിൻ പോളി പറഞ്ഞു.
കോടതിയെ തെറ്റിദ്ധതിപ്പിക്കുംവിധം രേഖകൾ ഹാജരാക്കി നടൻ നിവിൻ പോളിക്കെതിരേ പരാതി നൽകിയ നിർമാതാവ് പി.എ. ഷംനാസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണകമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻറെ പേരിൽ അവകാശം ഷംനാസ് സ്വന്തമാക്കി.
ഇതിനായി നിലിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറിൽ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസിൽ നിവിൻ പോളിക്കെതിരേ എഫ്ഐആർ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി ഷംനാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.



