ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ മാർച്ച് 2-ന് വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിനമായ മാർച്ച് 3-ന് വൈകുന്നേരം 6 മണി വരെ കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. ഉത്സവമേഖലയിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മദ്യവിൽ്പനശാലകളുടെ പ്രവർത്തനം നിരോധിച്ചത്. ഭക്തലക്ഷങ്ങൾ എത്തുന്ന സാഹചര്യത്തിൽ നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്.
തീർത്ഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അന്നദാനം, ലഘുഭക്ഷണം, ദാഹജല വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുൻകൂർ രജിസ്ട്രേഷൻ എടുത്തിരിക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. എല്ലാ ഭക്ഷണശാലകളും ലൈസൻസ് പകർപ്പും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പ്രദർശിപ്പിക്കേണ്ടതാണ്. പാചകത്തൊഴിലാളികൾക്കായി ഫെബ്രുവരി 19-ന് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം സ്ത്രീകളുടെ ഏറ്റവും വലിയ ഈ സംഗമത്തിൽ ഭക്തർക്കായി കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കും. പൊങ്കാല നിവേദ്യം കഴിയുന്നതോടെ ഭക്തർക്ക് സുഗമമായി മടങ്ങുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ നടത്തും. ഇതിനായി കെഎസ്ആർടിസി ബസുകൾ നിശ്ചിത കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യും. ഉത്സവമേഖലയിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത ക്രമീകരണങ്ങളും ഉടൻ പ്രഖ്യാപിക്കും. മാർച്ച് 3-ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിനായി കെഎസ്ആർടിസിയുടെ കൂടുതൽ ബസുകൾ വിവിധ ഡിപ്പോകളിൽ നിന്ന് സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.



