വാഷിങ്ടൺ: ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ മുന്നറിയിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകൾ. 200 ശതമാനം തീരുവ ചുമത്തുമെന്ന് താൻ താക്കീത് നൽകിയെന്നും പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗത്തിൽ സംസാരിക്കവെ ട്രംപ് പ്രതികരിച്ചു.
ഇന്ത്യ പാക് സംർഷത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. വിലയേറിയ വിമാനങ്ങൾ ആണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് സംഘർഷത്തിൽ വിമാനങ്ങൾ തകർക്കപ്പെട്ടതെന്ന് ട്രംപ് പറയുന്നത്. യുദ്ധം ചെയ്യാൻ ഇരുരാജ്യങ്ങളും ആഗ്രഹിച്ചു. എന്നാൽ, പണത്തിന്റെ കാര്യമെത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോൾ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ നിലപാട് എടുത്തെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ- പാക് നേതാക്കളുമായി സംഘർഷ സമയത്ത് ഫോണിൽ സംസാരിച്ചു. ഇരുവരെയും എനിക്ക് നന്നായി അറിയാം. മോദിയെ വിളിച്ച് സംഘർഷത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ വ്യാപാരക്കരാറിന് തയ്യാറാകില്ലെന്ന് അറിയിച്ചു. അതോടെ പ്രശ്‌നത്തിന് പരിഹാരമായി. തന്റെ ഇടപെടലിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. അതിർത്തിയിലെ സംഘർഷ സാധ്യത അധികരിച്ച നിർണായക ഘട്ടത്തിൽ ഇടപെട്ടെന്നും രണ്ടരക്കോടി ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.



