മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം! എം വി ​ഗോവിന്ദനും വീണാ ജോർജും മത്സരിച്ച് അഭിനയിക്കുന്നു

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ എം വി ​ഗോവിന്ദനും വീണാ ജോർജും മത്സരിച്ച് അഭിനയിക്കുന്നെന്ന് രമേശ് ചെന്നിത്തല. മന്ത്രിയെ മർദിച്ചെങ്കിൽ അത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോർജിനു നേരെ നടന്നത് ആസൂത്രിതമായ…

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ എം വി ​ഗോവിന്ദനും വീണാ ജോർജും മത്സരിച്ച് അഭിനയിക്കുന്നെന്ന് രമേശ് ചെന്നിത്തല. മന്ത്രിയെ മർദിച്ചെങ്കിൽ അത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജിനു നേരെ നടന്നത് ആസൂത്രിതമായ നാടകമാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ചിരിച്ചു നടന്ന മന്ത്രിക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരിക്കേറ്റതെന്ന് അദ്ദേഹം ചോദിച്ചു. വാർത്താവായനയിലെന്നപോലെ അഭിനയത്തിലും മന്ത്രി മിടുക്കിയാണെന്നും മികച്ച അഭിനയത്തിനുള്ള അവാർഡ് മന്ത്രിക്ക് നൽകണമെന്നും മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ചേർന്നെഴുതിയ തിരക്കഥയാണിതെന്നും ഷംസീർ സ്പീക്കർ പദവിക്ക് നിരക്കാത്ത വിധം ഡി.വൈ.എഫ്.ഐ നേതാവിനെപ്പോലെ പെരുമാറരുതെന്നും അദ്ദേഹം വിമർശിച്ചു.

മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണെന്നും അവിടം ഇപ്പോൾ പാർട്ടി ഓഫീസ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. പരിക്കിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയെ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിലുടനീളം കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർക്കുമ്പോൾ പോലീസ് നിഷ്ക്രിയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, മന്ത്രി വീണാ ജോർജിന്റെ പരിക്ക് ഗുരുതരമാണെന്നാണ് പരിയാരം മെഡിക്കൽ കോളേജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. 11 അംഗ വിദഗ്ധ മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിൽ മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും പറയുന്നു. ന്യൂറോളജി, കാർഡിയോളജി ഉൾപ്പെടെയുള്ള വിവിധ വിഭാഗം മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നിലവിൽ മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ കഴിയില്ലെന്നും വിദഗ്ധ ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply