പിണറായിയുടേത് പ്രീണന രാഷ്ട്രീയം; കടുത്ത വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

  പശ്ചിമേഷ്യൻ സംഘർഷം, മാലിന്യ പ്രശ്നം, കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല പ്രസ്താവന കേവലം പ്രീണന…

 

പശ്ചിമേഷ്യൻ സംഘർഷം, മാലിന്യ പ്രശ്നം, കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ ഇറാൻ അനുകൂല പ്രസ്താവന കേവലം പ്രീണന രാഷ്ട്രീയമാണെന്നും മലയാളികൾ ഏറെയുള്ള ജിസിസി രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

യുദ്ധം പാടില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളുന്നതെന്നും ബിജെപി ഇറാനെ പൂർണ്ണമായി തള്ളുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ കപ്പലിന് പോലും സംരക്ഷണം നൽകിയത് കേന്ദ്രസർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, തിരുവനന്തപുരത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും കോൺഗ്രസിന്റെ ‘ഗ്യാരന്റി’ പ്രഖ്യാപനങ്ങൾ പൊള്ളയാണെന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിലും തെലങ്കാനയിലും ഹിമാചലിലും കോൺഗ്രസ് സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിൽ ബിജെപി ഭരിക്കുന്ന നഗരസഭയെ കുറ്റപ്പെടുത്തുന്ന സിപിഎം എംഎൽഎമാരുടെ നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. പത്ത് വർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാത്തവരാണ് ഒന്നര മാസം മാത്രം പ്രായമായ ബിജെപി ഭരണസമിതിയെ വിമർശിക്കുന്നത്. മന്ത്രി ശിവൻകുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് മാലിന്യം പലയിടങ്ങളിലും നിക്ഷേപിക്കാൻ തീരുമാനിച്ചതെന്നും, മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നതിൽ ബിജെപി നഗരസഭ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply