‘രണ്ട് മാസം മാത്രം പരിചയമുള്ള ആൾക്ക് നിങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകുമോ?’; സിപിഐഎം നേതാക്കളോട് ചോദ്യവുമായി പിതാവ്

  കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലയുടെ വിവാഹം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നിരുന്നു. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയായ മൊണാലിസയെ വിവാഹം ചെയ്തത് ഉത്തർ പ്രദേശിലെ ബാഗ്പത് സ്വദേശിയും നടനും മോഡലുമായ ഫർമാൻ ഖാനാണ്.…

 

കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലയുടെ വിവാഹം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നിരുന്നു. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയായ മൊണാലിസയെ വിവാഹം ചെയ്തത് ഉത്തർ പ്രദേശിലെ ബാഗ്പത് സ്വദേശിയും നടനും മോഡലുമായ ഫർമാൻ ഖാനാണ്. ഒരു മലയാള ചിത്രത്തിൽ നായികയായി അഭിനയിക്കാൻ കേരളത്തിലെത്തിയ മൊണാലിസ ഇതേ ചിത്രത്തിലെ നടനായ ഫർമാൻ ഖാനുമായി പ്രണയത്തിലാകുകയായിരുന്നു. ആറ് മാസത്തെ പ്രണത്തിനുശേഷമാണ് വിവാഹിതരായതെന്നും മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഇരുവരുടേയും കുടുംബാംഗങ്ങൾ പ്രതികരിച്ചിരിക്കുകയാണ്. രണ്ട് കുടുംബങ്ങളുടേയും പിന്തുണ ഈ വിവാഹത്തിനില്ല. മകൾ ഇത്തരത്തിൽ വിവാഹിതയാകുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും തന്റെ മകളെ അഭിനയിപ്പിക്കാൻ കൊണ്ടുപോയതാണെന്നാണ് കരുതിയതെന്നും മൊണാലിസയുടെ അച്ഛൻ ജയ് സിങ് ഭോസ്‌ലെ വ്യക്തമാക്കി. മാത്രമല്ല മകളുടെ വിവാഹം നടത്തിയ സിപിഐഎം നേതാക്കളുടെ നടപടിയെയും അദ്ദേഹം എതിർത്തു. രണ്ട് മാസം മാത്രം പരിചയമുള്ള ആൾക്ക് നിങ്ങളുടെ മകളെ വിവാഹം ചെയ്ത് നൽകുമോ? എന്നും അദ്ദേഹം ചോദിച്ചു

മൊണാലിസ മറ്റൊരു മതത്തിൽ പെട്ട വ്യക്തിയാണെന്നും അതിനാൽ ഈ വിവാഹം തങ്ങൾക്ക് സന്തോഷം നൽകുന്നില്ലെന്നും ഫർമാന്റെ പിതാവ് ജാഫർ അലി വ്യക്തമാക്കി. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോഴാണ് കുടുംബം ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈ വിവാഹത്തിൽ ഒരു സന്തോഷവുമില്ല. പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയാണ്. ഞങ്ങൾ മുസ്ലിം ജാട്ടുകളാണ്. ഇത് ഭാവിയിൽ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാക്കും. ഫർമാൻ ഇടയ്ക്കിടെ ഗ്രാമത്തിൽ വരാറുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകുന്ന കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല. അതാണ് ഫർമാൻ ചെയ്ത ആദ്യത്തെ തെറ്റ്. ഇതൊരിക്കലും അംഗീകരിക്കില്ല,’-ജാഫർ അലി കൂട്ടിച്ചേർത്തു.

ഫർമാന്റെ സഹോദരൻ ഷമാദും വിവാഹത്തിനെതിരെ രംഗത്തെത്തി. ‘അവർ സഹോദരനൊപ്പം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ അവൻ ചെയ്തത് ശരിയായില്ല. ഞങ്ങൾ സന്തുഷ്ടരല്ല.’-ഷമാദ് വ്യക്തമാക്കി.

Leave a Reply