മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ; ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ശനിയാഴ്ച നടന്ന പരീക്ഷണത്തിൽ ചില മിസൈലുകൾ ജപ്പാൻ തീരത്തിന് സമീപമാണ് പതിച്ചത്. ദക്ഷിണ കൊറിയയും ജപ്പാനും വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പത്ത് മിസൈലുകളുടെ…

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. ശനിയാഴ്ച നടന്ന പരീക്ഷണത്തിൽ ചില മിസൈലുകൾ ജപ്പാൻ തീരത്തിന് സമീപമാണ് പതിച്ചത്. ദക്ഷിണ കൊറിയയും ജപ്പാനും വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പത്ത് മിസൈലുകളുടെ കണക്കാണ് പുറത്തുവരുന്നതെങ്കിലും വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

ദീർഘദൂര ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ തൊടുത്തതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരപരിധിയിലാണ് ഈ മിസൈലുകൾ പതിച്ചത്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മേഖലയിലെ സുരക്ഷയെ സംബന്ധിച്ച് ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തിനുള്ള ശക്തമായ മറുപടിയായാണ് ഉത്തര കൊറിയയുടെ ഈ നീക്കത്തെ ലോകരാജ്യങ്ങൾ കാണുന്നത്. സംയുക്ത സൈനിക നീക്കങ്ങളെ തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായി കാണുന്ന ഉത്തര കൊറിയ, മുൻപും സമാനമായ രീതിയിൽ ശക്തിപ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ ഒരേസമയം ഇത്രയധികം മിസൈലുകൾ തൊടുത്തുവിട്ടത് വലിയൊരു തന്ത്രപരമായ സന്ദേശമായാണ് കണക്കാക്കപ്പെടുന്നത്.

സമീപകാലത്ത് ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ മിസൈൽ പരീക്ഷണങ്ങളിലൊന്നായി ഇത് മാറാനാണ് സാധ്യത. മിസൈൽ പരീക്ഷണങ്ങളും പ്രത്യാക്രമണ ഭീഷണികളും കാരണം കൊറിയൻ ഉപദ്വീപും കിഴക്കൻ ഏഷ്യയും വീണ്ടും സംഘർഷഭരിതമായിരിക്കുകയാണ്. ഇത്തരം പ്രകോപനങ്ങൾ തുടരുന്നത് ഏഷ്യയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും വലിയൊരു സൈനിക നീക്കത്തിലേക്ക് നയിക്കുമെന്നും വിദഗ്ധർ ആശങ്കപ്പെടുന്നു.

Leave a Reply