ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടൻ ജയറാമിൽ നിന്ന് മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി വിവരങ്ങൾ തേടിയത്. ശബരിമല സന്നിധാനത്തുവച്ചാണ്, ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നതെന്ന് ജയറാം പൊലീസ് സംഘത്തോട് പറഞ്ഞു.
താനൊരു വിശ്വാസിയാണ്. ഉണ്ണികൃഷ്ണൻ പോറ്റി പല തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ട്. ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളോ വെട്ടിപ്പുകളോ മനസ്സിലാക്കിയിരുന്നില്ല.ശബരിമലയിലെ കട്ടിളപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ച് പൂജയ്ക്കായി പോറ്റി വിളിച്ചപ്പോൾ പങ്കെടുത്തിരുന്നു.
സ്വർണപ്പാളി കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെ ചടങ്ങിന് എത്തിച്ചപ്പോഴും പങ്കെടുത്തിരുന്നുവെന്നും നടൻ ജയറാം വിശദീകരിച്ചു. ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് എസ്ഐടി നീക്കങ്ങൾ.
കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യത്തിനായി ഉടൻ അപേക്ഷ നൽകും. ദ്വാരപാലക ശിൽപ്പ കേസിൽ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഇതിനകം സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.
ശബരിമല സ്വർണക്കവർച്ചാ കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് നീക്കമാരംഭിച്ചിരിക്കുകയാണ് മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറും. ഇതിനായി ഇയാൾ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും സുധീഷ് കുമാർ പ്രതിയാണ്. രണ്ട് കേസുകളിലും ഒരേ ദിവസമായിരുന്നു അറസ്റ്റ്. പ്രസ്തുത കേസുകളിൽ എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് സുധീഷ് കുമാറിന്റെ വാദം.
എക്സിക്യുട്ടീവ് ഓഫീസർ എന്ന നിലയിൽ, ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുധീഷ് കുമാർ ആവർത്തിച്ച് ഉന്നയിക്കുന്നത്.
സ്വർണ കൊള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വൈകുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ എസ്ഐടിക്ക് കാലതാമസം സംഭവിക്കുന്നത്.



