ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തർ. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ കെജ്‌രിവാൾ പൊട്ടിക്കരഞ്ഞു.
കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകൾ നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് തെളിവുകളുടെ പിൻബലമില്ലെന്ന് കണ്ടെത്തിയാൽ, കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
സിസോദിയയ്ക്കെതിരായ കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് കെജ്രിവാളിനെ കേസിൽ ഉൾപ്പെടുത്തിയതെന്നും കോടതി. കേസിൽ പൊതുപ്രവർത്തകനായ കുൽദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാർശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
മോദിയും അമിത് ഷായും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. താൻ നിരപരാധിയും സത്യസന്ധനുമാണ്. താൻ അഴിമതിക്കാരനല്ലകെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞു.സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ പ്രതികരിച്ചു.



