റിപ്പബ്ലക് ടിവി പ്രതിനിധികൾ കൊച്ചിയിൽ അറസ്റ്റിൽ. ഇന്ത്യ അഭയം നൽകിയ ഇറാനിയൻ കപ്പൽ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം.
റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടർ ക്യാമറാമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവർക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി.
അതേസമയം, ഇറാൻ കപ്പലിന് ഇന്ത്യ അഭയം നൽകിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികർ കപ്പലിൽ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് കപ്പൽ സഹായം തേടിയത് എന്നും എസ് ജയശങ്കർ പറഞ്ഞു. മട്ടാഞ്ചേരി കോൾ ബർത്തിൽ ആണ് കപ്പൽ നങ്കൂരം ഇട്ടിരിക്കുന്നത്.
കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാൻ തേടിയിരുന്നു. കപ്പലിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാൻ അനുമതി തേടിയത്. കപ്പലിൽ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചത്.



