വിജയ്ക്ക് പിന്നാലെ രജനികാന്തും ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ്റെ രണ്ടാഴ്ചത്തെ ചിത്രീകരണത്തിനായി രജനി നാളെ എത്തും. വേളിയിലും ശംഖുമുഖത്തുമാണ് ചിത്രീകരണം നടക്കുന്നത്.വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലും ഒക്‌ടോബർ മൂന്നിന് വേട്ടയാൻ്റെ 10 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ ചെയ്തു.അന്ന് രജനികാന്തും എത്തിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയാൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വേട്ടയാൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിൻ്റെ 15 ദിവസത്തെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് ചിത്രീകരണം. വിജയ് താമസിക്കുന്ന ഹോട്ടലിൽ തന്നെയായിരിക്കും സ്റ്റൈൽ മന്നനും താമസിക്കുക. രജനികാന്തും വിജയും ഒരേ സമയം തലസ്ഥാനത്ത് എത്തുന്നത് ആരാധകർക്ക് ആവേശകരമായ വാർത്തയാണ്.