കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണ കുമാറിനെ ചന്ദനത്തോപ്പ് ഐടിഐയിൽ എസ്എഫ്ഐ പ്രവർത്തകർ പ്രചാരണത്തിൽ നിന്ന് തടഞ്ഞത് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനിടയാക്കി. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
“ഇവിടെ നടക്കുന്നത് യഥാർത്ഥ ഫാസിസമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പലയിടത്തും പോയിരുന്നു. ഞാനും അതിനു വേണ്ടിയാണ് ഇവിടെ വന്നത്. എതിർ സ്ഥാനാർത്ഥികളായ മുകേഷും എൻ കെ പ്രേമചന്ദ്രനും എനിക്ക് തൊട്ടുമുമ്പ് വന്നിരുന്നു. എന്നാൽ, ‘നരേന്ദ്രമോദിയുടെ സ്ഥാനാർഥിക്ക് പ്രവേശനമില്ല’ എന്ന് ആക്രോശിച്ച് എസ്എഫ്ഐക്കാർ എന്നെ മാത്രം തടഞ്ഞു. യുപിയിലും ഗുജറാത്തിലും ഫാസിസം നോക്കുന്നവർ ഇവിടെ എന്താണ് ചെയ്യുന്നത്? ഇതാണ് യഥാർത്ഥ ഫാസിസം.” സംഭവത്തോട് പ്രതികരിച്ച് നടനും രാഷ്ട്രീയക്കാരനുമായ് കൃഷ്ണകുമാർ പറഞ്ഞു,
ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനത്തോടെയാണ് കൊല്ലത്തെ തിരഞ്ഞെടുപ്പ് രംഗം വ്യക്തമായത്. ജില്ലാ നേതൃത്വത്തിൻ്റെയും സംസ്ഥാന നേതൃത്വത്തിൻ്റെയും പട്ടികയിൽ കൃഷ്ണകുമാറിൻ്റെ പേരില്ല. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കൃഷ്ണകുമാർ പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ ആശീർവാദത്തോടെ സ്ഥാനാർത്ഥിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായിരുന്നു. എന്നാൽ, എൽഡിഎഫിലെ ആൻ്റണി രാജുവിനോട് അദ്ദേഹം പരാജയപ്പെട്ടു.