തലസ്ഥാന ജില്ലയെ ഇന്നൊവേഷൻ സെൻ്ററാക്കി മാറ്റുന്നതിൽ തിരുവനന്തപുരം പൂജപുരയിലുള്ള ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി) വലിയ പങ്കാണ് വഹിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത കാലഘട്ടത്തിൻ്റെ സാങ്കേതിക വിദ്യയാണ് സംസ്ഥാനത്ത് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌സിടിഐഎംഎസ്‌ടിയിലെ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ എന്നിവരുമായി സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ആരോഗ്യമേഖലയിൽ ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യരംഗത്ത് ഇപ്പോൾ വേണ്ടത് ‘ഭാവി ലാബുകൾ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യയുടെയും സംയുക്ത സംസ്‌കാരത്തിലൂടെ ഭാരതത്തിൽ SCTIMST അഭൂതപൂർവമായ സ്വീകാര്യത നേടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പങ്കെടുത്ത ചടങ്ങിൽ, തിരുവനന്തപുരത്ത് നിന്ന് താൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഭാരതത്തിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളിലൊന്നായി SCTIMST-യെ ലോകത്തിന് പരിചയപ്പെടുത്തുമെന്ന് NDA സ്ഥാനാർത്ഥി ഉറപ്പ് നൽകി. ഭാരതീയ ജനതാ പാർട്ടിയുടെ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ.വി.ടി.രമയും ചടങ്ങിൽ സന്നിഹിതനായിരുന്നു.