സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ സന്ദർശനം നടത്തി. കെ. സുരേന്ദ്രൻ വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ മേലേക്കാവിൽ എത്തിയത് ഇന്നലെ രാവിലെ 11 ഓടെയാണ് .
ക്ഷേത്ര പ്രവേശന കവാടത്തിൽ ബിജെപി, യുവമോർച്ച നേതാക്കൾ സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് വള്ളിയൂരമ്മയെ തൊഴുത് പ്രസാദം സ്വീകരിച്ചു. നിരവധി വിശ്വാസികളാണ് വള്ളിയൂർക്കാവ് ഉത്സവ സമാപനത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നത്. എക്സിക്യുട്ടീവ് ഓഫീസർ ക്ഷേത്ര കമ്മിറ്റി ഓഫീസിലെത്തിയ കെ. സുരേന്ദ്രന് ഉപഹാരം നൽകി. വയനാട്ടിലെ ജനങ്ങൾ രാഹുലിനുള്ള യാത്രയയപ്പും മോദിക്കുള്ള വരവേൽപ്പും തീരുമാനിച്ച് കഴിഞ്ഞതായും സ്നേഹവും വിശ്വാസവും നൽകി അഞ്ച് കൊല്ലം പിന്തുണച്ച ആൾ വഞ്ചിക്കുന്പോഴുണ്ടാകുന്ന വിഷമം ചെറുതല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
തുടർന്ന് അദ്ദേഹം ഉത്സവാഘോഷ കമ്മിറ്റി ഓഫീസിലും താഴെകാവിലുമെത്തി. അവിടെ കൂടി നിന്നവരോട് കുശലന്വേഷണം നടത്തുകയും വോട്ടഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് നിലമ്പൂരിലെ റോഡ് ഷോയിൽ പങ്കെടുക്കാനായി തിരിക്കുകയും ചെയ്തു.