ഇക്കുറി നരേന്ദ്രമോദി സര്‍ക്കാര്‍ മുത്തലാക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച സ്ത്രീപക്ഷ നിലപാടുകള്‍ വോട്ടായി മാറുമെന്നു പൊന്നാനി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്. പൂര്‍ണമായും പൊന്നാനിയിലെ ജനങ്ങളിലേക്ക് മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എത്തിക്കുക എന്നതാണ് തന്റെ പ്രഥമ ദൗത്യമെന്നും സ്ഥാനാർഥി മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
പൊന്നാനി മണ്ഡലത്തില്‍ വികസന൦ ഇടതുവലത് മുന്നണികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം മുരടിച്ച നിലയിലാണ്. പൊന്നാനി കേന്ദ്രത്തില്‍ വീണ്ടും മോദി സര്‍ക്കാര്‍ എത്തുമ്പോള്‍ അതിനൊപ്പം വികസിക്കുന്നതിന് എന്‍ഡിഎ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു. സ്ത്രീകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണെന്നും നിവേദിത സുബ്രഹ്മണ്യന് പറഞ്ഞു. എന്‍ഡിഎ മുന്നണിയാണ് യഥാര്‍ഥ സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കിയത്. എന്‍ഡിഎ വനിതകള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത് പൊന്നാനിയില്‍ ഉള്‍പ്പെടെ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലാണ് . ഇടതു-വലതുമുന്നണികള്‍ സിഎഎ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. എന്നാല്‍ ഇത്തരം കുപ്രചാരണങ്ങള്‍ പൊന്നാനിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും അവർ പറഞ്ഞു.