ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം 9 പേരും ആന്ധ്രയിൽ 15 പേരുമാണ് മരിച്ചത്. കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു.നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി.
വെള്ളം കയറിയതിനാൽ വിജയവാഡ-ഹൈദരാബാദ് എൻഎച്ച് 65 പലയിടത്തും അടച്ചു. ഇതുകാരണം ആയിരക്കണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങികിടക്കുകയാണ്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. തെലങ്കാനയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി രേവന്തി റെഡ്ഡി നിർദേശം നൽകി.



