ആർ എസ് എസ് ബന്ധമുള്ള എ ഡി ജി പി അജിത്കുമാറിന് മാറ്റിയേ തീരൂ എന്ന കടുത്ത നിലപാടുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരിക്കലും എൽ ഡി എഫ് ഭരിക്കുന്ന ഒരു സർക്കാരിന്റെ എ ഡി ജിപി ആകാൻ പാടില്ല അത് ശരിയായ കാര്യമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല, നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണ൦ അദ്ദേഹം പറഞ്ഞു.
അതേസമയം പൂരം കലക്കലിലും, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ കടുത്ത തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് സി പി ഐ യുടെ കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാൻ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിൻറെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാത്ത രാഷ്ട്രീയസ്ഥിതിയാണ്. അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡിജിപി തല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അൻവറിൻറെ പരാതിയിലാണ് അന്വേഷണം. പക്ഷെ അൻവർ ഇടത് ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിൻറെ ഭാവിയിൽ സിപിഐക്ക് ആശങ്കയുണ്ട്.



