ഞാൻ നിങ്ങളുടെ നേരെ വരും, അസഭ്യ അശ്ലീല ഭാഷപണ്ഡിതമാന്യന്മാരെ, നിയമം അനുശാസിക്കുന്ന എല്ലാ സാധ്യതകളും പഠിച്ച് നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും’. തനിക്കെതിരെ സോഷ്യൽ മീഡിയിൽ അശ്ലീല കമന്‍റുകളും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തി, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ നടി ഹണി റോസ്. എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രവചനങ്ങൾ ഇനിയും തനിക്ക് അനുവദിക്കാനാവില്ലെന്ന് ഹണി റോസ് പറയുന്നു. ‘ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിയാണ് താൻ എന്നും നടി പറഞ്ഞു.
ഇരുപത് വർഷത്തെ കരിയറിൽ താനൊരിക്കലും നേരിടാത്ത തരം അപമാനങ്ങൾ സഹിക്കേണ്ടി വന്നു. തെറ്റിദ്ധാരണകൾ താനുണ്ടാക്കിയതല്ല, എല്ലാ സ്ത്രീകൾക്കുമായി യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തോടെയാണ് ഹണി റോസ് പറഞ്ഞു, ഞാനൊരു മോശം അഭിനേത്രിയല്ല. വസ്ത്രധാരണത്തിൻ്റെ പേരിലായിരിക്കും ഞാൻ പഴികേട്ടിട്ടുണ്ടാവുക. കണ്ണാടിയിൽ നോക്കി ഒരുങ്ങി ഇറങ്ങുമ്പോൾ എനിക്ക് കംഫേർട്ടബിൾ ആണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്.
എന്നാൽ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. കാരണം കാണുന്ന ആളുകളുടെ കണ്ണിലാണ് സൗന്ദര്യമെന്ന് പറയുന്നത് പോലെ തന്നെയാണത്. അങ്ങനെ പറയുന്നതിൽ പ്രശ്നമുണ്ടെന്ന് കരുതുന്നയാൾ പോലുമല്ല ഞാൻ. നിങ്ങൾക്ക് ഉറപ്പായും എന്നെ വിമർശിക്കാം. ഇത് അങ്ങനെയല്ല. ‘സോഷ്യൽ അബ്യൂസ്’ ആണ് ഞാൻ നേരിടുന്നത്. ഏറ്റവും മോശവും ഹീനവുമായ വാക്കുകളാണ് എനിക്ക് നേരെ പ്രയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി ദിവസവും ഞാനിതൊക്കെ കേട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല, മാതാപിതാക്കൾ, ബന്ധുക്കൾ, എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവർ, എന്നെ സ്നേഹിക്കുന്നവരെല്ലാം ഇതിൽ അനുഭവിക്കുകയാണ് നടി പറയുന്നു.മോശം കമൻ്റുകൾ വന്നിട്ടും പലപല മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. പല ചിന്തകളാണ് വന്നത്.
കുടുംബമായി ഇരുന്ന് ആലോചിച്ചു. വിദഗ്ദാഭിപ്രായങ്ങൾ തേടി. മുഖ്യമന്ത്രിയെ ചെന്നുകാണാം അല്ലെങ്കിൽ പ്രധാനമന്ത്രിക്ക് പരാതി നൽകാം അങ്ങനെ പലതും ആലോചിച്ചിരുന്നു. എന്നിട്ടും ഒന്നിലേയ്ക്കും ഇതുവരെ പോകാതിരുന്നത് വാർത്തയിൽ നിറയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഇതൊരു പ്രശ്നമാക്കേണ്ടെന്നും കരുതിയാണ്. ഇതിൽ കൂടുതൽ സഹിക്കാൻ വയ്യ, പരമാവധിയായിക്കഴിഞ്ഞു. കാരണം ഇതൊരു സാമൂഹിക പ്രശ്നമാണ്, സമൂഹമാധ്യമങ്ങൾ സജീവമായവരോ അല്ലാത്തവരോ ആയ സ്ത്രീകൾ ഇതിൽ ബാധിക്കപ്പെടുന്നുണ്ട്. സാധാരണക്കാരായ സ്ത്രീകൾ പോലും ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഇരുപത് വർഷത്തിനിടയിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം. അന്നുണ്ടായ അനുഭവങ്ങളാണ് ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. എനിക്കതൊരു ഷോക്ക് ആയിരുന്നു. അത്രയും വലിയ ജനക്കൂട്ടം മുന്നിലുള്ളപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് മനസിലാകുന്നില്ല. വേദിയിൽ പ്രതികരിക്കേണ്ടതില്ല എന്ന എൻ്റെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഹണി റോസ് പറയുന്നു.



