കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ഹെെക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്നും മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേ, ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തിവച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു എന്നും എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.
ഒരാൾ വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുമ്പോഴും പരിപാടി തുടർന്നു, ഉമാ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നവരെ എങ്കിലും, കാത്തിരിക്കാമായിരുന്നു എന്നും കോടതി ചോദിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇങ്ങനൊരു വിമർശനം.ന്നസ് റെക്കാഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
ഉമ തോമസിന് പരിക്കേൽക്കാനിടയായ ഡാൻസ് പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ മാനേജിംഗ് ഡയറക്ടർ നിഗോഷ് കുമാറാണ് ഈ കേസിലെ ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്‍റെ നടപടി തുടക്കം കുറിച്ചത്. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്.



