മന്ത്രിസഭാ തീരുമാനത്തെ എതിർത്തിട്ടില്ല; റവാഡയുടെ നിയമനത്തിലെ പ്രതികരണം വിശദീകരിച്ച് പി ജയരാജൻ

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിന് പിന്നാലെ നടത്തിയ പ്രതികരണം ചർച്ചയായതോടെ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. തന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനത്തിലോ സിപിഐഎമ്മുമായി ബന്ധപ്പെട്ട…

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തിന് പിന്നാലെ നടത്തിയ പ്രതികരണം ചർച്ചയായതോടെ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. തന്റെ പരാമർശം ദുർവ്യാഖ്യാനം ചെയ്‌തെന്നും മന്ത്രിസഭാ തീരുമാനത്തിലോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ തനിക്ക് വ്യതിചലനം ഉണ്ടായിട്ടില്ലെന്നും പി ജയരാജൻ വിശദീകരിച്ചു.

‘മാധ്യമങ്ങൾ എന്നെ വന്നുകണ്ടതുകൊണ്ടാണ് പ്രതികരിച്ചത്. വാർത്താസമ്മേളനം വിളിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് പറഞ്ഞത്. കേന്ദ്രസർക്കാർ അയച്ച പേരുകളിൽ മെറിറ്റ് അനുസരിച്ച് ഒരാളെ സർക്കാർ തിരഞ്ഞെടുത്തുവെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ പരാമർശം ദുർവ്യാഖ്യാനം ചെയ്തു. മന്ത്രിസഭാ തീരുമാനത്തിലോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ വ്യതിചലനം ഉണ്ടായിട്ടില്ല. സർക്കാർ തീരുമാനങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സർക്കാരാണ്. പാർട്ടിയല്ലല്ലോ ഇത്തരം കാര്യങ്ങൾ നിർദേശിക്കേണ്ടത്. എതിരായി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല’, പി ജയരാജൻ പറഞ്ഞു.

കൂത്തുപറമ്പ് വെടിവെപ്പിന് നിർദേശം നൽകിയ ഉദ്യോഗസ്ഥരിലൊരാളാണ് റവാഡയെന്നും മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അതിൽ വിശദീകരണം നൽകേണ്ടത് സർക്കാരാണെന്നുമായിരുന്നു പി ജയരാജൻ അന്ന് പ്രതികരിച്ചത്. അന്ന് കൂത്തുപറമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സംഘത്തിലൊരാളാണ് റവാഡ ചന്ദ്രശേഖർ. സർക്കാർ തങ്ങളുടെ മുന്നിലുള്ള പട്ടികയെ അടിസ്ഥാനമാക്കി തീരുമാനം എടുത്തതാണ്. തീരുമാനത്തിൽ വിശദീകരണം നൽകേണ്ടത് സർക്കാരാണ്. കൂത്തുപറമ്പ് വെടിവെപ്പിന് മുൻപ് നടന്ന സമരത്തിൽ പങ്കെടുത്ത എം സുകുമാരനെ കസ്റ്റഡിയിലിരിക്കെ ഭീകരമായി തല്ലിച്ചതച്ച കേസിൽ പ്രതിയായിരുന്നു പട്ടികയിൽ ഒന്നാമതുള്ള നിതിൻ അഗർവാൾ. എം സുകുമാരൻ നൽകിയ പരാതിയിൽ നിതിൻ അഗർവാളിനെതിരെ കേസെടുത്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് വർഷങ്ങൾക്കിപ്പുറം റവാഡയെ നിയമിച്ചത്’ എന്നായിരുന്നു പി ജയരാജൻ പറഞ്ഞത്.

പ്രതികരണത്തിന് പിന്നാലെ കൂത്തുപറമ്പ് വെടിവെപ്പിനെ ഇടതുസർക്കാർ മറക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. പരിയാരത്തെ സർക്കാർ ഭൂമിയിൽ സ്വാശ്രയ സഹകരണ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പൊലീസ് വെടിവെയ്പ്പ് നടത്തുകയായിരുന്നു. അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply